PREV ARTICLE

Sample Post 1

NEXT ARTICLE

Sample Post 3

മണ്ണിനടിയില്‍ - ഫാത്തിമാബീഗം

Administrator 4 years ago
മണ്ണിനടിയില്‍ - ഫാത്തിമാബീഗം

കൈതപ്പറമ്പിലെ തോമാച്ചായന്‍ ചത്തെന്ന് ഭാര്യ പുലര്‍ച്ചെ വിളിച്ചുണര്‍ത്തിപ്പറഞ്ഞപ്പോള്‍ മുതല്‍, ഉറങ്ങാതെ മനക്കണക്ക് കൂട്ടിത്തുടങ്ങിയതാണയാള്‍. ആറടി രണ്ടിഞ്ച് പൊക്കവും ഒത്ത വണ്ണവുമുള്ള തോമാച്ചായനെ തന്റെ മനസ്സിലെ കുഴിയിലേക്കയാള്‍ വെച്ച് നോക്കി. ആളിന്റെ വലിപ്പത്തിനൊത്ത, വടിവൊത്തൊരു ദീര്‍ഘചതുരം ഉള്ളില്‍ വരഞ്ഞ് തുടങ്ങിയപ്പോഴേക്കും മുറ്റത്താരൊക്കെയോ തന്നെ തിരക്കുന്നതും വിളിക്കാനായി ഭാര്യ അകത്തേക്ക് വരുന്ന ശബ്ദവും കേട്ട് കിടക്കയില്‍ എഴുന്നേറ്റിരുന്നു. പുരയ്ക്ക് വെളിയിലിറങ്ങുമ്പോഴേക്കും അന്ത്രോസ് മാപ്പിള പറഞ്ഞുതുടങ്ങി, കണാരാ, നമ്മുടെ കൈതപ്പറമ്പിലെ തോമാച്ചായന്‍ പോയി. പതിനൊന്നുമണിക്കാ അടക്കം. അപ്പോ കുഴീടെ കാര്യം ഏറ്റല്ലോ. പതിനൊന്നുമണിക്ക് കുഴി ശരിയായിരിക്കുമെന്ന് ഉറപ്പ് നല്‍കി അവരെ പറഞ്ഞുവിട്ട ശേഷം ഒരു ഗ്ലാസ് കാപ്പി കുടിച്ച്, അഴയില്‍ കിടന്ന തോര്‍ത്തെടുത്ത് തോളത്തിട്ട് മഴുവും തൂമ്പയുമായി, മറ്റൊരു പ്രപഞ്ചരഹസ്യം കണ്ടെത്താനെന്നോണം അയാള്‍ പള്ളിപ്പറമ്പിലേക്ക് നടന്നു. വയറ്റുപ്പിഴപ്പ് എന്നതിലുപരി ഭൂമിയുടെ ഉള്ളറയിലെ രഹസ്യങ്ങളിലേക്ക് തുറക്കപ്പെട്ട വാതില്‍ എന്ന നിലയിലാണ് അയാള്‍ ഈ ജോലിയെ പ്രണയിച്ചുതുടങ്ങിയത്. പല അളവുകളില്‍ താന്‍ തീര്‍ക്കുന്ന ദീര്‍ഘചതുരങ്ങളില്‍ പതിയിരിക്കുന്ന മറ്റൊരു പുതിയ ലോകത്തിന്റെ സാധ്യതയും സാന്നിധ്യവും പോകപ്പോകെ അയാള്‍ക്കൊരു ഹരമായി മാറി. വൈകാതെ താന്‍ കുഴിക്കുന്ന ഓരോ കുഴിക്കും തന്റേതായ കൈയൊപ്പ് പതിപ്പിക്കണമെന്ന അയാളുടെ വാശിക്ക് മുന്നില്‍ ഭൂമിയിലേക്കാഴ്ന്നിറങ്ങിയ മരത്തിന്റെ വേരുകളും മണ്ണിരകളും ചെറുപ്രാണികളും വരെ തോറ്റു. മണ്ണിനടിയില്‍ താന്‍ തീര്‍ത്ത നാല് ചുവരുകളിന്മേല്‍ മനസ്സുകൊണ്ട് ചുവര്‍ചിത്രമെഴുതാന്‍ പോലും അയാള്‍ മടിച്ചില്ല. മേല്‍ക്കൂരയില്ലാത്ത  നാലു ചുവരുകളില്‍ പ്രപഞ്ചരഹസ്യം തേടിയെത്തുന്ന ആ സാഹസികനെ നാട്ടുകാര്‍ ശകുനം മുടക്കിയെന്ന് വിളിച്ചപ്പോഴും അയാളുടെ തേടലിന് ഒരു വിഘ്‌നമാകാതെ വഴിമാറിക്കൊടുത്ത വേരുകളും മണ്ണിരകളും സ്വന്തം മക്കളെക്കാളേറെ സ്വാതന്ത്യം അയാളോട് കാട്ടി. ചിലപ്പോഴൊക്കെ അതില്‍ താമസമാക്കാന്‍ വരുന്ന പരേതാത്മാവിനോട് ഇത്തിരി അസൂയയും അയാള്‍ക്ക് തോന്നാതിരുന്നില്ല. എങ്കിലും അയാള്‍ക്ക് മുന്‍പേ ആ ചുമരില്ലാവീടിന്റെ രഹസ്യം താന്‍ കവര്‍ന്നെടുത്തുവല്ലോ എന്ന സ്വകാര്യമായ അഹങ്കാരത്തോടെ അയാള്‍ വീട്ടിലേക്ക് നടക്കുകയും ചെയ്തു. പോകപ്പോകെ നാട്ടില്‍ മരണങ്ങളേതുമില്ലാത്ത നാളുകളില്‍ അയാള്‍ അസ്വസ്ഥനായി കാണപ്പെട്ടു. ഒരുനേരത്തെ അരിപോലുമില്ലാതെവരുമ്പോള്‍ ഭാര്യ മറ്റെന്തെങ്കിലും തൊഴില്‍ ചെയ്യാന്‍ അയാളെ നിര്‍ബന്ധിച്ചു. എന്നാല്‍ മണ്ണിനടിയിലെ രഹസ്യം തേടുന്ന ദൗത്യത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്ന ഭാര്യയെ അയാള്‍ ഒരു കൊല്ലുന്ന നോക്കില്‍ അടക്കി. അന്നത്തെ ദിവസം ഒരു ചായ കുടിക്കുവാനായി കവലയിലെ രാമുവേട്ടന്റെ ചായക്കടയിലേക്ക് നടക്കുമ്പോഴും മനസ്സില്‍ പുതിയൊരു ദീര്‍ഘചതുരത്തിന്റെ സാധ്യതകളോര്‍ക്കുകയായിരുന്നു അയാള്‍. ചെറിയൊരു തലകറക്കം അനുഭവപ്പെട്ടെങ്കിലും കാര്യമാക്കാതെ കാലുകള്‍ നീട്ടിച്ചവിട്ടി അയാള്‍ നടന്നു. പക്ഷേ, ഇടവഴിയിലെ ഒറ്റപ്ലാശിന്റെ ചോടെത്തുമ്പോഴേക്കും വീണുപോയിരുന്നു. മണ്ണിനടിയിലെ രഹസ്യം തേടി നടന്ന അയാള്‍, വെറും മണ്ണില്‍ തണുത്ത് മരവിച്ചുകിടന്നതാരും കണ്ടില്ല. തങ്ങളുടെ രഹസ്യം തേടി മണ്ണിനടിയിലേക്ക് വന്നിരുന്ന ആ മനുഷ്യനെ തേടി മണ്ണിരകളും വേരുകളും മുകളിലേക്ക് വന്നു. മറ്റുള്ളവര്‍ക്കായി മേല്‍ക്കൂരയില്ലാത്ത വീടുകള്‍ പണിത അയാള്‍ തനിക്കായൊരു വീടില്ലാതെ കിടക്കുമ്പോള്‍ വേരുകളും മണ്ണിരകളും അയാളില്‍ ചുവര്‍ചിത്രങ്ങള്‍ വരച്ചുതുടങ്ങിയിരുന്നു. 

 

The Crossway

Aliquam tristique vehicula nulla sit amet facilisis. Nulla ultrices vitae eros at semper. Donec sapien lacus, tincidunt sed sem quis, accumsan mollis eros. Aenean id enim dolor. Suspendisse potenti.

COMMENTS

  • Slides
  • Slides

MEDIA GALLERY

TheCrossway.in, Copyright 2014. All Rights Reserved. Design and Development by: CreaveLabs IT Solutions