PREV ARTICLE

Sample Post 1

NEXT ARTICLE

Sample Post 3

ഡോ. ഓസ്‌വാള്‍ഡ്. ജെ.സ്മിത്ത് - ഉണര്‍വ്വ്. ദൈവം എന്നെപ്പറ്റി എന്തു വിചാരിക്കുന്നു.

Administrator 4 years ago
ഡോ. ഓസ്‌വാള്‍ഡ്. ജെ.സ്മിത്ത് - ഉണര്‍വ്വ്.  		ദൈവം എന്നെപ്പറ്റി എന്തു വിചാരിക്കുന്നു.

ദൈവം നമ്മെ പരിശോധിക്കുന്നതിനു നാം ഇപ്പോള്‍ നമ്മെത്തന്നെ അവനു കീഴ്‌പ്പെടുത്തിക്കൊടുക്കാന്‍ പോകയാകുന്നു. അവന്‍ നമ്മെപ്പറ്റി എന്തു വിചാരിക്കുന്നു എന്നു കണ്ടുപിടിക്കാന്‍ നമ്മുക്കു കഴിയുമെങ്കില്‍ അതിനുവേണ്ടി നാം ഒന്നു ശ്രമിക്കേണ്ടതാണ്. ദൈവമേ എന്നെ ശോധന ചെയ്ത് എന്റെ ഹ്യദയത്തെ അറിയേണമേ. എന്നെ പരീക്ഷിച്ച് എന്റെ നിനവുകളെ അറിയേണമേ. വ്യസനത്തിനുള്ള മാര്‍ഗം എന്നില്‍ ഉണ്ടോയെന്ന് നോക്കി ശാശ്വതമാര്‍ഗത്തില്‍ എന്നെ നടത്തേണമേ. എന്നു സങ്കീര്‍ത്തനക്കാരനോടു ചേര്‍ന്നു നമുക്കും നിലവിളിച്ചു പറയാം. അവന്‍ നമ്മെ കാണുന്നപ്രകാരം നമ്മെത്തന്നെ നമുക്കു കാണുവാന്‍ സാധിക്കുന്നതുവരേക്കും അവന്റെ പരിശുദ്ധാത്മാവിന്‍ ശോധനാരശ്മികള്‍ നമ്മിലേക്ക് അവന്‍ കടത്തിവിടട്ടെ. ലോകം നമ്മെ സംബന്ധിച്ച് എന്തു വിചാരിക്കുന്നു എന്നു നമുക്കറിയേണ്ട കാര്യമില്ല. ദൈവം നമ്മെപ്പറ്റി ധരിച്ചിട്ടുള്ളതിന്റെ നേരെ വിപരീതമായ വിധത്തിലായിരിക്കും വര്‍ത്തമാനപ്പത്രങ്ങളും പുസ്തകങ്ങളും പൊതുജനങ്ങളും നമ്മെപ്പറ്റി നല്‍കുന്ന അഭിപ്രായങ്ങള്‍. അവന്‍ നമ്മെ കുറ്റം വിധിക്കുമ്പോള്‍ അവര്‍ നമ്മെ പ്രശംസിച്ചേക്കും. അല്ലെങ്കില്‍ അവന്‍ നമ്മെ പ്രശംസിക്കുമ്പോള്‍ അവര്‍ കുറ്റം വിധിച്ചെന്നും വരാം. നമുക്ക് ഏറ്റവും അടുത്തവരും പ്രിയരുമായ സുഹ്യത്തുക്കളുടെപോലും അഭിപ്രായമല്ല നാം അറിയാന്‍ ശ്രമിക്കുന്നത്. അവര്‍തന്നെയും നമ്മാല്‍ വഞ്ചിതരായിപ്പോയെന്നു വരാവുന്നതാണ്. മനുഷ്യന്‍ പുറമേയുള്ളത് നോക്കുന്നു. എന്നാല്‍ ദൈവമോ ഹ്യദയത്തെ പരിശോധിക്കുന്നു. അതുകൊണ്ടു ദൈവം നമ്മെപ്പറ്റി പറയുന്നതെന്താണെന്ന് അറിയുന്നതാണു നമ്മുടെ ഏക ലാക്ക്. 
    നാം ഒരിക്കല്‍  ദൈവത്തെ മുഖാമുഖമായി കാണുകയും അവന്റെ മുമ്പാകെ നില്‍ക്കുകയും ചെയ്യേണ്ടവരാകുന്നു.അപ്പോള്‍ നമ്മുടെ ശരിയായ രൂപം ലോകത്തിന്റെ ദ്യഷ്ടിയില്‍നിന്നു മറച്ചിരുന്ന  മൂടുപടങ്ങള്‍ നീക്കപ്പെടുകയും ഹ്യദയത്തിന്റെ അഗാധത്തിലുള്ള രഹസ്യങ്ങള്‍പോലും തുറന്നുവയ്ക്കപ്പെടുകയും ചെയ്യും. മറ്റുള്ളവരില്‍നിന്നും നമ്മെ മറച്ചിരുന്ന മൂടുപടത്തിനു ദൈവത്തിങ്കല്‍നിന്നു നമ്മെ  മറയ്ക്കാന്‍ സാധിക്കുന്നതല്ല. ഈ സന്ദര്‍ഭത്തില്‍, അവന്‍ നമ്മെപ്പറ്റി എന്തു വിചാരിക്കുന്നു എന്നു കണ്ടുപിടിക്കുന്നതു നല്ലതല്ലയോ. അവന്‍ നമ്മെ തുലാസില്‍ തൂക്കി നോക്കുമ്പോള്‍ നാം കുറവുള്ളവരായി കാണപ്പെടുന്നതായാല്‍ നമ്മില്‍ കുറവുള്ളത് ഏതോ അതു പരിഹരിച്ചു നമുക്ക് അവനോടു നിരന്നവരായിത്തീരാം. അതുകൊണ്ട്, ഞാന്‍ വീണ്ടും ചോദിക്കുന്നു. ദൈവം എന്നെപ്പറ്റി എന്തു വിചാരിക്കുന്നു. ഹ്യദയത്തെ പരിശോധിക്കുന്ന ദൈവം എന്റെ ഹ്യദയത്തിലേക്ക് നോക്കുമ്പോള്‍ അവിടെ അവന്‍ കാണുന്നത് എന്തായിരിക്കും. അവന്റെ കാഴ്ചയില്‍ ഞാന്‍ യോഗ്യനാണോ. അവന്‍ എന്നെപ്പറ്റി എന്തു വിചാരിക്കുന്നു. 
1. ദൈവം എന്റെ വേലയെപ്പറ്റി എന്തു വിചാരിക്കുന്നു.
    പരാമാര്‍ഥതയും ആത്മാര്‍ഥയും ഉള്ളവനായും സകല വഞ്ചനയില്‍നിന്നും ഒഴിയപ്പെട്ടവനായും കപടവേഷത്തില്‍നിന്നും നിശ്ശേഷം അന്യപ്പെട്ടവനായും എന്നെ ദൈവം കാണുന്നുണ്ടോ. അബദ്ധവഴിയില്‍ ഞാന്‍ എത്രമാത്രം ചാടിയിറങ്ങിപ്പോയി എന്നു വിചാരപ്പെടേണ്ട ആവശ്യമില്ല. അതല്ല നമ്മുടെ പ്രശ്‌നം. ഞാന്‍ യഥാര്‍ഥത്തില്‍ തീഷ്ണതയും ആത്മാര്‍ഥതയും ഉള്ളവനാണോ. ഉദ്ദേശ്യം ശരിയാണെങ്കില്‍, അവന്‍ തെറ്റുകള്‍ ക്ഷമിച്ചുകൊള്ളും. ഞാന്‍ നല്ല ഉദ്ദേശ്യത്തോടുകൂടെ ജീവിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നയവസരത്തില്‍ എന്നില്‍ വന്നു പോകുന്ന തെറ്റുകള്‍ അവന്‍ അവഗണിച്ചുകൊള്ളുമെന്നു ഞാന്‍ ധൈര്യപ്പെടുന്നു. ഞാന്‍ അവനോടു വിശ്വസ്തനാണോ. എന്റെ ഹ്യദയത്തിന്റെ അന്തര്‍ഭാഗത്തുനിന്നുള്ള ആഗ്രഹമനുസരിച്ചാണോ ഞാനെന്റെ വേല ചെയ്യുന്നത്. അതോ എന്റെ പ്രയത്‌നങ്ങള്‍ വെറും പ്രകടനങ്ങള്‍ മാത്രമാണോ. സ്വാര്‍ഥലാഭത്തിനായുള്ള വാഞ്ഛ എന്നിലുണ്ടോ. ഞാന്‍ സ്വാര്‍ഥതല്പരനാണോ. എന്റെ തീരുമാനങ്ങളിലോ പരിപാടികളിലോ പണത്തിന്റെ ചിന്ത എന്തെങ്കിലും സ്വാധീനം ചെലുത്തുന്നുണ്ടോ. എന്റെ സേവനത്തിനു പ്രതിഫലമൊന്നുമില്ലെന്നിരുന്നാലും, അത്രമാത്രം ആത്മാര്‍ഥമായി അവനെ ഞാന്‍ സേവിക്കുമോ. ഞാന്‍ പരമാര്‍ഥതയുള്ളവനാണോ. എന്റെ വേല ദൈവം വിലമതിക്കുന്നതാണോ എന്റെ ജീവിതം യേശുവിനുവേണ്ടി നയിക്കപ്പെടുന്നതും അവന്റെ  നാമമഹത്ത്വത്തിനുതകുന്നതും ആകുന്നുവോ. ശക്തിമത്തും വിജയകരവും ആയ ജീവിതവും നയിക്കുന്നതിനായി അന്യര്‍ക്കു വേണ്ട നേത്യത്വം നല്‍കുവാന്‍ ഞാന്‍ പ്രാപ്തനാണോ. ക്രിസ്തുവിങ്കലേക്ക് ആത്മാക്കളെ ആദായപ്പെടുത്തുവാന്‍ എപ്പോഴെങ്കിലും ഞാന്‍ പരിശ്രമിക്കുന്നുണ്ടോ. കഴിഞ്ഞ ഒരു സംവത്സരത്തിനിടയില്‍ ആരോടെങ്കിലും അവരുടെ ആത്മീയജീവിതനിലയെ സംബന്ധിച്ചു ഞാന്‍ സംസാരിച്ചിട്ടുണ്ടോ. എനിക്കു വാസ്തവത്തില്‍ ഒരു ദൂതുണ്ടോ. അതോ എന്റെ ജീവിതാനുഭവം തീരെ കഴമ്പുള്ളതല്ലെന്ന് അന്യര്‍ക്കു തോന്നത്തക്കവിധത്തില്‍ എന്റെ ജീവിതം അത്ര ഉപരിപ്ലവമാണോ. രക്ഷയുടെ അനുഭവത്തിലേക്കു വന്നിട്ടില്ലാത്ത എന്റെ സ്‌നേഹിതര്‍ക്ക് എന്നെ ഒരു ക്രിസ്ത്യാനിയായി മനസ്സിലാക്കുവാന്‍ കഴിഞ്ഞിട്ടുണ്ടോ. 
2. എന്റെ സാമൂഹ്യബന്ധങ്ങളെപ്പറ്റി ദൈവം എന്തു വിചാരിക്കുന്നു.
    അവരുടെ ഇടയില്‍നിന്നും പുറപ്പെട്ടുവന്നു നിങ്ങള്‍ വോര്‍പെട്ടിരിപ്പിന്‍ എന്നും നിങ്ങള്‍ അവിശ്വാസികളോട് ഇണയില്ലാപ്പിണ കൂടരുത്. എന്നുമുള്ള കല്പനകള്‍ നിങ്ങള്‍ അനുസരിച്ചിട്ടുണ്ടോ. ഞാന്‍ ചെയ്യുന്ന പ്രവര്‍ത്തികള്‍ അവനു പ്രസാദകരമാണോ. എന്നെ നോക്കി പുഞ്ചിരി തൂകുവാന്‍ അവനു സാധിക്കത്തക്കവിധത്തില്‍ ഞാന്‍  ജീവിക്കുന്നുണ്ടോ. എന്റെ ഹ്യദയത്തില്‍നിന്നും അവനെ ഓടിച്ചുകളയുന്നതും അവന്റെ സാന്നിധ്യത്തെ എന്നില്‍നിന്നും മറച്ചുകളയുന്നതുമായ ഏതെങ്കിലും തരത്തിലുള്ള ഇമ്പങ്ങള്‍ എന്നിലുണ്ടോ. എന്റെ മനസ്സാക്ഷി സ്വസ്ഥമായിരിക്കുന്നുവോ. അതോ ചില കാര്യങ്ങളെല്ലാം ചെയ്യുമ്പോഴും ചില സ്ഥാനങ്ങളിലൊക്കെ പോകുമ്പോഴും അത് എന്നെ ശാസിക്കുന്നുണ്ടോ. യേശുവിനുവേണ്ടി സകലതും വെടിയുവാനും ലോകരുടെ മുമ്പില്‍ അവനെ എന്റെ സര്‍വസ്വവുമായി തെരഞ്ഞെടുക്കാനും ഞാന്‍ സന്നദ്ധനാണോ. അവന്‍ എനിക്കുവേണ്ടി സര്‍വസ്വവും വെടിഞ്ഞു. ഞാന്‍ അവനെ പ്രസാദിപ്പിക്കാന്‍ ആഗ്രഹിക്കുന്നുണ്ടോ. അതോ ആ ചോദ്യത്തെപ്പറ്റി അവനുമായി വാദിക്കാന്‍ ഒരുമ്പെടുമോ. വാസ്തവത്തില്‍ ഞാന്‍ അവനുവേണ്ടി ഉപയോഗിക്കേണ്ട സമയം എപ്പോഴെങ്കിലും നഷ്ടപ്പെടുത്തുന്നുണ്ടോ. സായംകാലവേളകള്‍ അവന്റെ വേലയ്ക്ക് അത്രമാത്രം ആവശ്യമായിരിക്കെ സാമൂഹ്യമായ കാര്യങ്ങള്‍ക്കുവേണ്ടി ആ അവസരങ്ങള്‍ ഞാന്‍ വിനിയോഗിക്കുന്നുണ്ടോ.
3. ധ്യാനപരമായ എന്റെ ജീവിതത്തെപ്പറ്റി ദൈവം എന്തു വിചാരിക്കുന്നു
      ഞാന്‍ രഹസ്യത്തില്‍ അവനുമായി വേണ്ടത്ര സമയം ചെലവഴിക്കുന്നുണ്ടോ. അതോ ആ ക്യത്യം ഞാന്‍ ധ്യതിയില്‍ നിറവേറ്റുകയാണോ. ഞാന്‍ തനിച്ചു ദൈവവുമായി ഇടപെടുന്നുണ്ടോ. എന്റെ രഹസ്യമുറിയില്‍ അവനെ കണ്ടെത്തുന്നതിനു ഞാന്‍ ഇഷ്ടപ്പെടുന്നുണ്ടോ. അവനുമായുള്ള സംസര്‍ഗം എനിക്കു മാധുര്യമേറിയതാണോ. യേശു എനിക്കു യഥാര്‍ഥവാനാണോ അവന്‍ എന്നില്‍ പൂര്‍ണത്യപ്തനാണോ. ഞാന്‍ ദൈവ വചനത്തിന്റെ ഒരാധ്യേതാവാണോ. രഹസ്യത്തില്‍ ഞാന്‍ പഠിക്കുന്നുണ്ടോ. അതോ പരസ്യമായി മാത്രം ആ ക്യത്യം നിറവേറ്റുന്ന പതിവു മാത്രമാണോ എനിക്കുള്ളത്. തിരുവചന
ത്തിന്റെ രഹസ്യങ്ങള്‍ അവന്‍ എനിക്കു വെളിവാക്കിത്തരുന്നുണ്ടോ. അങ്ങനെ തിരുവചനം എനിക്കു യഥാര്‍ഥമായിത്തീര്‍ന്നിട്ടുണ്ടോ. അവന്റെ വാഗ്ദത്തങ്ങള്‍ ഞാന്‍ അവകാശപ്പെടുകയും അവ ഞാന്‍ എന്റെ സ്വന്തമാക്കുകയും ചെയ്യുന്നുണ്ടോ. എന്റെ ജീവിതം പ്രാര്‍ഥനയില്‍ പരിപൂര്‍ണമാക്കപ്പട്ടതാണോ. 
ഞാന്‍ പ്രാര്‍ഥികുകയും പ്രാര്‍ഥനയ്ക്കു മറുപടി വാങ്ങുകയും ചെയ്യുന്നുണ്ടോ. പ്രാര്‍ഥിക്കേണ്ടതെങ്ങനെ എന്നു ഞാന്‍ പഠിച്ചിട്ടുണ്ടോ. പ്രാര്‍ഥന ഉരുവിടുന്ന പരിചയമാണോ എനിക്കുള്ളത്. അതോ വാസ്തവത്തില്‍ ഹ്യദയം ദൈവമുമ്പാകെ പകരുന്ന ഒരനുഭവം എനിക്കുണ്ടോ. എന്റെ പ്രാര്‍ഥനകള്‍ ഫലമുള്ളവയാണോ. എനിക്കു പ്രാര്‍ഥന യാഥാര്‍ഥ്യവും സര്‍വപ്രധാനവുമാണോ
4. എന്റെ ക്രിസ്തീയ പുരോഗമനത്തെ സംബന്ധിച്ചു ദൈവം എന്തു വിചാരിക്കുന്നു.  
    ആത്മീയ കാര്യങ്ങളില്‍ ഞാന്‍ പുരോഗമനമുള്ളവനാണോ കഴിഞ്ഞ സംവത്സരത്തില്‍ ഉണ്ടായിരുന്നതിനേക്കാള്‍ ഈയാണ്ടില്‍ എന്റെ ജീവിതം അഭിവ്യദ്ധിപ്പെട്ടിട്ടുണ്ടോ. യേശു എനിക്കു കൂടുതല്‍  യഥാര്‍ഥവാനാണോ. എന്റെ സ്‌നേഹിതര്‍ക്ക് എന്നില്‍ വല്ല വ്യത്യാസവും കണ്ടറിയുന്നതിനു സാധിക്കുന്നുണ്ടോ. ജഡത്തില്‍ എനിക്കനുഭവമായിരുന്ന പഴയ ബലഹീനതകളും തോല്‍വികളും അപ്രത്യക്ഷമാകുന്നുണ്ടോ. ആത്മാവിന്റെ ഫലങ്ങള്‍ സമ്യദ്ധിയായി എനിക്കനുഭവമാകുന്നുണ്ടോ. പാപത്തിന്, പ്രത്യേകിച്ച് എന്നെ മുറുകെപ്പറ്റുന്ന പാപത്തിന്, എതിരായി ഞാന്‍ പുരോഗമിക്കുന്നുണ്ടോ. ഒരിക്കല്‍ എന്നെ അടിപ്പെടുത്തിയിരുന്ന ആ പാപത്തെ ഞാന്‍ പിടിച്ചടക്കിയിട്ടുണ്ടോ. അതില്‍നിന്നും വിമുക്തനാകുവാന്‍ ഞാന്‍ വാസ്തവത്തില്‍ ആഗ്രഹമുള്ളവനാണോ. അവന്റെ സമാധാനവും ശക്തിയും, അവന്റെ സാന്നിധ്യവും പ്രകാശവും സ്‌നേഹവും എല്ലാം എന്നില്‍നിന്നും മറച്ചുകളയുന്ന ഏതെങ്കിലും വിഗ്രഹം എന്നില്‍ ഇപ്പോഴുണ്ടോ. വീഴാതെവണ്ണം എന്നെ കാത്തുകൊള്ളുന്നതിന് അവനു കഴിവുണ്ടെന്നും സകല അധികാരവും ശക്തിയും അവനു മാത്രമുള്ളതെന്നും ഞാന്‍ വിശ്വസിക്കുന്നുണ്ടോ.
    സര്‍വപ്രാധാന്യം അര്‍ഹിക്കുന്ന ഈ നാലു ചോദ്യങ്ങള്‍ നിഷ്‌കപടമായി അഭിമുഖീകരിച്ചതിനുശേഷം ലഭിക്കുന്ന മറുപടി എന്താണ്. യേശുവില്‍ നമുക്കു സകല സംത്യപ്തിയും ഉണ്ട് എന്നു പലപ്പോഴും നാം സാക്ഷി പറയാറുണ്ട്. എന്നാല്‍ അവന്‍ ത്യപ്തനാണോ എന്നു ചോദിക്കുന്നു എന്നു വിചാരിക്കുക. ദൈവം എന്നില്‍ ത്യപ്തനാണോ. എല്ലാറ്റിലും പ്രാധാന്യമേറിയതും സകലത്തിനുമുപരിയായി പരിഗണിക്കപ്പെടുന്നതും കര്‍ത്താവു നമ്മെ എങ്ങനെ കാണുന്നു എന്നുള്ളതാണ്. അവന്‍ നമ്മില്‍ നിരാശയുള്ളവനോ അതോ അവന്‍ നമ്മെ സംബന്ധിച്ചു ത്യപ്തിയുള്ളവനോ അവന്‍ നമ്മില്‍ സന്തോഷമുള്ളവനോ ദൈവം എന്നെപ്പറ്റി എന്തു വിചാരിക്കുന്നു.
                തത്ത്വചിന്ത
            പുരുഷന്‍ - ഓഷോ
    അഹങ്കാരം വെറും അഹങ്കാരമാണ്. അതു പുരുഷനോ സ്ത്രീയോ അല്ല. എന്നാല്‍ നൂറ്റാണ്ടുകളായി പുരുഷന്‍ സ്ത്രീകളോട് വളരെ മനുഷ്യത്വരഹിതമായാണ് പെരുമാറുന്നത്. അവന്റെ പെരുമാറ്റം ഇത്രയും ക്രൂരമാകാന്‍ കാരണം, സ്ത്രീയെയും പുരുഷനെയും താരതമ്യം ചെയ്യുമ്പോള്‍ അവന് അനുഭവപ്പെടുന്ന അഗാധമായ അപകര്‍ഷതാബോധമാണ്. ഏറ്റവും വലിയ പ്രശ്‌നം സ്ത്രീക്ക് ജന്മം നല്‍കാന്‍ കഴിയുന്നു എന്നതാണ്. അപകര്‍ഷതാബോധത്തിന്റെ തുടക്കം ഇവിടെനിന്നാണ്. പ്രക്യതി സ്ത്രീയെ ആശ്രയിച്ചാണിരിക്കുന്നത്. പുരുഷനെയല്ല. മാത്രവുമല്ല, സ്ത്രീ പലനിലയ്ക്കും  പുരുഷനേക്കാള്‍ കരുത്തുറ്റവളാണെന്നും അവന്‍ മനസ്സിലാക്കി. സ്ത്രീകള്‍ കൂടുതല്‍ ക്ഷമാശീലരും സഹനശക്തിയുള്ളവരുമാണ്. പുരുഷന്‍ മറിച്ചാണ്. സ്ത്രീക്ക് പുരുഷനേക്കാള്‍ അക്രമവാസന കുറവാണ്. സ്ത്രീ കൊല നടത്തുന്നത് അപൂര്‍വമാണ്. പുരുഷനാണ് കൂട്ടക്കൊല നടത്തുന്നത്. കുരിശുയുദ്ധങ്ങള്‍നടത്തുന്നത്. അവന്‍ എപ്പോഴും യുദ്ധത്തിനുള്ള തയ്യാറെടുപ്പിലാണ്. നവീനമായ മാരകായുധങ്ങള്‍ അവന്‍ വികസിപ്പിച്ചെടുത്തുകൊണ്ടിരിക്കുന്നു. സ്ത്രീ ഈ മരണക്കളിക്ക് പൂര്‍ണ്ണമായും പുറത്താണ്. അതുകൊണ്ട് പുരുഷന് അപകര്‍ഷതാബോധം അനുഭവപ്പെടുന്നതില്‍ അപാകതയില്ല. അപകര്‍ഷതയില്‍ ജീവിക്കാന്‍ ആരും ഇഷ്ടപ്പെടുകയില്ല. അതുകൊണ്ട് സ്ത്രീയെ താഴ്ത്തിക്കെട്ടാന്‍ അവന്‍ ക്യത്രിമമാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നു. ഉദാഹരണത്തിന് അവള്‍ക്കു വിദ്യാഭ്യാസം നല്‍കാതിരിക്കുക. വീട്ടില്‍ നിന്ന് തനിച്ചു പുറത്തിറങ്ങാന്‍ അനുവദിക്കാതിരിക്കുക. അപകര്‍ഷതാബോധം  ഒഴിവാക്കാന്‍ പുരുഷന്‍ സ്ത്രീയോടു ചെയ്തുകൂട്ടിയ കാര്യങ്ങള്‍ അവിശ്വസനീയമാംവണ്ണം അനവധിയാണ്. നിങ്ങള്‍ക്ക് മെയില്‍ ഈഗോ ഉണ്ടെന്ന് നിങ്ങളുടെ പെണ്ണ് പറയുമ്പോള്‍, അവള്‍ മൊത്തം സ്ത്രീ സമൂഹത്തെ പ്രതിനിധീകരിച്ച് പറയുകയാണ്. നിങ്ങള്‍ പൂരുഷസമൂഹത്തിന്റെ പ്രതിനിധിയല്ലാതെ മറ്റൊന്നുമല്ലതാനും. നിങ്ങളുടെ പൂര്‍വ്വികര്‍ ചെയ്തുകൂട്ടിയത് അത്രയ്ക്കു കൂടുതലാണ്. അതു സന്തുലിതമാക്കുക സാധ്യമല്ല. അതുകൊണ്ട്, പെണ്ണ് പുരുഷാഹങ്കാരമാണെന്നു പറയുമ്പോള്‍ മനസ്സിലാക്കാന്‍ ശ്രമിക്കുക. ഒരുപക്ഷേ അവള്‍ പറയുന്നത് സത്യമായിരിക്കാം. സത്യമായിരിക്കാനാണ് സാദ്ധ്യത. കാരണം കാലങ്ങളായി പുരുഷന്‍ സ്വയം ഉല്‍ക്ക്യഷ്ടനാണെന്ന് കരുതിപ്പോന്നതുകൊണ്ട് അത് അഹങ്കാരമാണെന്ന് അവന്‍ തിരിച്ചറിയുന്നില്ല. സ്ത്രീക്ക് അതറിയാനാകുന്നു. അവളുടെ തോന്നല്‍ നിരാകരിക്കരുത്. പകരം അവളോട് നന്ദിയുള്ളവരായിരിക്കുക. എവിടെയാണ് അഹങ്കാരം അനുഭവപ്പെട്ടതെന്ന് ആരായുക. അത് ഉപേക്ഷിക്കാന്‍ തയ്യാറാണെന്ന് പറയുക. അതിന് അവളുടെ സഹായം സ്വീകരിക്കുക. എന്നാല്‍ നിങ്ങള്‍ നിരാകരിക്കുകയാണ്. എന്തെങ്കിലും അഹങ്കാരമുള്ളതായി നിങ്ങള്‍ക്കു തോന്നുന്നില്ല. എന്നാല്‍ അതുണ്ട്. അത് പാരമ്പര്യമായി ലഭിച്ച പൈത്യകമാണ്. ഓരോ കൊച്ചുബാലനും പുരുഷാഹങ്കാരമുണ്ട്. അവന്‍ കരയാന്‍ തുടങ്ങുമ്പോള്‍ നിങ്ങള്‍ പറയും. ഛെ, പെണ്‍കുട്ടികളെപ്പോലെ കരയുന്നോ. പെണ്‍കുട്ടിക്ക് കരയാം. അവള്‍ ആണിനേക്കാള്‍ താഴെയാണ്. നീ പുരുഷമേധാവിയാണ്. കരയാനോ കണ്ണീരൊഴുക്കാനോ പാടില്ല കൊച്ചുകുട്ടി കരച്ചില്‍ നിറുത്തുന്നു. സ്ത്രീകളെപ്പോലെ കരയാനും കണ്ണീരൊഴുക്കാനും തയ്യാറുള്ള പുരുഷന്മാരെ കണ്ടെത്തുക പ്രയാസമാണ്. പെണ്ണ് പറയുന്നത് കേള്‍ക്കുക. നിങ്ങളവളെ വളരെയേറെ അടക്കി നിര്‍ത്തുകയും അടിച്ചമര്‍ത്തുകയും ചെയ്തു. അവള്‍ പറയുന്നതിനു ചെവി കൊടുക്കാന്‍ സമയമായി. തെറ്റു തിരുത്താന്‍ സമയമായി. ചുരുങ്ങിയത് നിങ്ങളുടെ വ്യക്തിപരമായ ജീവിതത്തിലെങ്കിലും സ്ത്രീക്ക് കഴിയുന്നത്ര സ്വാതന്ത്യം നല്‍കുക. നിങ്ങള്‍ സ്വയം അനുഭവിക്കുന്ന അത്രയെങ്കിലും സ്വാതന്ത്യം. അവളെ എഴുന്നേറ്റു നില്‍ക്കാന്‍ സഹായിക്കുക . ലോകജനതയുടെ പകുതിവരുന്ന സ്ത്രീകളെ, അവരുടെ കഴിവുകളും പ്രതിഭയും വളര്‍ത്തിക്കൊണ്ടുവരാന്‍ അനുവദിച്ചാല്‍, കൂടുതല്‍ മനോഹരമായ ഒരു ലോകമായിരിക്കുമിത്. ആരും ഉയര്‍ന്നവരല്ല. ആരും താഴ്ന്നവരല്ല. സ്ത്രീ സ്ത്രീയും പുരുഷന്‍ പുരുഷനുമാണ്. അവര്‍ക്കു തമ്മില്‍ വ്യത്യാസമുണ്ട്. വ്യത്യാസം പക്ഷേ, ആരെയെങ്കിലും ഉയര്‍ത്തുകയോ താഴ്ത്തുകയോ ചെയ്യുന്നില്ല. ആ വ്യത്യാസമാണ് അവരുടെ പരസ്പരമുള്ള ആകര്‍ഷണം സ്യഷ്ടിക്കുന്നത്. പുരുഷന്മാര്‍ മാത്രമുള്ള ഒരു ലോകത്തെക്കുറിച്ച് സങ്കല്പിച്ചുനോക്കു. അത് വളരെ വിരൂപവും വിക്യതവുമായിരിക്കും. ജീവിതം സമ്പന്നമാണ്, വ്യത്യാസങ്ങള്‍ ഉള്ളതുകൊണ്ട്, വ്യത്യസ്ത നിലപാടുകളും വ്യത്യസ്ത മനോഭാവങ്ങളും വ്യത്യസ്ത അഭിപ്രായങ്ങളും ഉള്ളതുകൊണ്ട് ആളുകള്‍ ഉയര്‍ന്നവരോ താഴ്ന്നവരോ അല്ല. വ്യത്യസ്തരാണ് അത്രമാത്രം. പതിനായിരം വര്‍ഷങ്ങളുടെ അടിമത്തത്തില്‍നിന്ന് മോചനം നേടാന്‍ നിങ്ങളുടെ പെണ്ണിനെ നിങ്ങള്‍ സഹായിക്കുക. അവളുടെ സുഹ്യത്താകുക. ദോഷങ്ങള്‍ ഏറെ ചെയ്തു കഴിഞ്ഞു. അവള്‍ ഒട്ടേറെ മുറിപ്പെട്ടുകഴിഞ്ഞു. നിങ്ങളുടെ സ്‌നേഹംകൊണ്ട് അല്പമെങ്കിലും ആ മുറിവുണക്കാനായാല്‍, അത് മുഴുവന്‍ ലോകത്തിനുമുള്ള സംഭാവനയാകും. 

 

The Crossway

Aliquam tristique vehicula nulla sit amet facilisis. Nulla ultrices vitae eros at semper. Donec sapien lacus, tincidunt sed sem quis, accumsan mollis eros. Aenean id enim dolor. Suspendisse potenti.

COMMENTS

  • Slides
  • Slides

MEDIA GALLERY

TheCrossway.in, Copyright 2014. All Rights Reserved. Design and Development by: CreaveLabs IT Solutions